കേരളത്തിലെ ഏറ്റവും പുരാതനമായ സീതാ ദേവി ക്ഷേത്രം പുൽപ്പള്ളിയിൽ

വയനാട് : രാമായണവുമായി അടുത്ത ബന്ധം ഉള്ള കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് വയനാട്ടിലെ പുൽപ്പള്ളിയിലെ സീതാ ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സീതാദേവി ക്ഷേത്രം കൂടിയാണിത്. രാമായണ മാസത്തിൽ, ധാരാളം ചരിത്രവും ഐതിഹ്യങ്ങളും ഉള്ള ഈ ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകി എത്താറുണ്ട്.

സീതാദേവിയും മക്കളായ ലവ കുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രമാണിത്. അതാണ് പുൽപ്പള്ളി നഗരമധ്യത്തിലെ ഈ ആരാധനാലയത്തിന്‍റെ പ്രത്യേകത. ശ്രീരാമൻ തന്‍റെ ഭാര്യ സീതാദേവിയെ കാട്ടിൽ ഉപേക്ഷിച്ചപ്പോൾ പുൽപ്പള്ളിയിലെ വാൽമീകി ആശ്രമത്തിൽ ദേവി അഭയം പ്രാപിച്ചു, അവിടെ അവർ ലവകുശൻമാർക്ക് ജന്മം നൽകി എന്നാണ് ഐതിഹ്യം.

വാൽമീകി തപസ്സനുഷ്ഠിച്ചതായി വിശ്വസിക്കപ്പെടുന്ന മുനിപ്പാറ, രാമായണം എഴുതിയ ആശ്രമം, ലവ കുശാനൻമാർ വളർന്ന സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ശിശുമല എന്നിവയെല്ലാം ഇന്നും ഇവിടെ സംരക്ഷിക്കപ്പെടുന്നു.