ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു

കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരുവിന്റെ കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരത്തിലെ 1000 ഉരുക്കളാണു നിർമിക്കുക.

ലോകകപ്പിന് 4 തരം സമ്മാനങ്ങളാണ് ഫിഫ അംഗീകരിച്ചിരിക്കുന്നത്. സാംസ്കാരിക വിഭാഗത്തിലെ സമ്മാനങ്ങളുടെ ഔദ്യോഗിക പങ്കാളിത്തം ‘ബ്ലാക്ക് ആരോ ഗിഫ്റ്റ്സ് ആൻഡ് നോവൽറ്റിസ്’ കമ്പനിയാണ്.

എല്ലാ സമ്മാനങ്ങളും ഖത്തറിന്‍റെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ബേപ്പൂരിലെ ശിൽപികൾ മരത്തിൽ നിർമ്മിച്ചയയ്ക്കുന്ന ഉരുക്കൾ നൂറ്റാണ്ടുകളായി ഖത്തറിൽ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് ഉരുവിന്‍റെ മോഡൽ സമ്മാനങ്ങളിലൊന്നായി തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഫിഫ ലോകകപ്പിന്റെ സമ്മാന വിഭാഗത്തിൽ കേരളത്തിനു പ്രാതിനിധ്യമുണ്ടാവുന്നത്.പ്രകാശ്‍ മരോളിയാണ് ബ്ലാക്ക് ആരോ കമ്പനിയുടെ സിഇഒ. ഖത്തർ ലോകകപ്പിന്റെ സന്ദേശമുൾക്കൊള്ളുന്ന രീതിയിൽ ഉരു രൂപകൽപന ചെയ്തത് അഭിലാഷ് ചാക്കോ ആണ്. ബ്ലാക്ക് ആരോയുടെ സോഴ്സിങ് കൺസൽറ്റന്റായ ബിനു കോട്ടയിൽ തിരുമഠത്തിൽ മേൽനോട്ടം വഹിക്കുന്നു.