കേരൂര്‍ വര്‍ഗീയ സംഘര്‍ഷം: സിദ്ധരാമയ്യ നല്‍കിയ പണം വലിച്ചെറിഞ്ഞ് യുവതി

ബെംഗളൂരു: കർണാടകയിലെ കേരൂരിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് നേരെ വലിച്ചെറിഞ്ഞു യുവതി. ബാഗൽകോട്ട് ജില്ലയിലാണ് പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം നടന്നത്. സംഘർഷം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പരിക്കേറ്റവരെ സന്ദർശിക്കാൻ ഒരു നേതാവ് പോലും എത്താത്തതിൽ പ്രദേശവാസികൾ രോഷാകുലരായിരുന്നു. തുടർന്ന്, സിദ്ധരാമയ്യ ഇന്ന് സംഭവസ്ഥലം സന്ദർശിച്ചു.

സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. കുടുംബാംഗങ്ങൾക്ക് അദ്ദേഹം നൽകിയ പണം വീട്ടുകാർ നിരസിച്ചെങ്കിലും സിദ്ധരാമയ്യ പണം നൽകി. അദ്ദേഹത്തിന്‍റെ വാഹനവ്യൂഹം പുറപ്പെടാൻ തുടങ്ങിയപ്പോൾ ആളുകൾ പ്രതിഷേധിച്ചു. ഒരു സ്ത്രീ വിതരണം ചെയ്ത മുഴുവൻ തുകയും വാഹനത്തിന് നേരെ എറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. പണം വേണ്ടെന്ന് പറഞ്ഞു. “ഞങ്ങള്‍ക്ക് പണമല്ല, നീതിയാണ് വേണ്ടത്, സമാധാനം തകര്‍ക്കുകയും അക്രമം ഉണ്ടാക്കുകയും ചെയ്യുന്ന അക്രമികള്‍ ശിക്ഷിക്കപ്പെടണം, സമൂഹത്തില്‍ സമാധാനം നിലനില്‍ക്കണം,” സിദ്ധരാമയ്യയുടെ വാഹനത്തിന് നേരെ നോട്ടുകൾ എറിഞ്ഞുകൊണ്ട് അവർ പറഞ്ഞു. സംഘർഷത്തിന് ശേഷം സ്ഥലത്തെത്തിയ മന്ത്രി കുറച്ച് പേരെ മാത്രമാണ് കണ്ടതെന്നും ഇവർ ആരോപിച്ചു. പല നേതാക്കളും സന്ദർശിക്കാത്തതിൽ അവർ വിലപിച്ചു.