2022ല്‍ കേരളത്തില്‍ ഏറ്റവും കളക്ഷൻ നേടിയത് ‘കെജിഎഫ് ചാപ്റ്റർ 2’

പുതുവർഷത്തോടടുക്കുമ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ കണക്കെടുപ്പ് നടത്തുകയാണ് ആരാധകർ. ഫിലിം ട്രാക്കർമാരായ ഫ്രൈഡേ മാറ്റ്നി, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. ‘കെ.ജി.എഫ് ചാപ്റ്റർ 2’, ‘ഭീഷ്മപർവ്വം’ എന്നിവയാണ് കേരളത്തിൽ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

2022 ൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ആണ്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്നും 68.50 കോടി രൂപ കളക്ട് ചെയ്തു. പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യാഷ് നായകനായെത്തിയ ചിത്രത്തിന് രാജ്യമെമ്പാടും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

യാഷ് നായകനായ പീരിഡ് ഗ്യാങ്സ്റ്റർ ഡ്രാമയിൽ സഞ്ജയ് ദത്താണ് വില്ലനായി വേഷമിട്ടത്. ചിത്രത്തിൽ ‘റോക്കി ഭായ്’ എന്ന കഥാപാത്രത്തെ യാഷ് അവതരിപ്പിച്ചപ്പോൾ സഞ്ജയ് ദത്ത് ‘അധീര’ ആയി വേഷമിട്ടു. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ, റാവു രമേശ്, ഈശ്വരി റാവു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.