‘രാജ്യത്തിന് ഖാദി, ദേശീയപതാകയ്ക്ക് ചൈനീസ് പോളിസ്റ്റർ’

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി പതിവായി ട്വിറ്ററിൽ എത്തുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നലെ മോദി പറഞ്ഞതിനെതിരെയും രാഹുൽ രംഗത്തെത്തിയിരുന്നു. ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഖാദി പ്രചോദനമാകുമെന്ന് മോദി ശനിയാഴ്ച ഗുജറാത്തിൽ പറഞ്ഞിരുന്നു.

‘രാജ്യത്തിന് ഖാദി, എന്നാൽ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്ററും. എല്ലായ്‌പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല.’ രാഹുൽ ട്വീറ്റ് ചെയ്തു. യന്ത്രം കൊണ്ടോ പോളിസ്റ്റർ കൊണ്ടോ നിർമ്മിച്ച പതാകകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രം നീക്കിയിരുന്നു. പുതിയ ഭേദഗതി പ്രകാരം പരുത്തി, പോളിസ്റ്റർ, ഖാദി, സിൽക്ക് ഖാദി, കമ്പിളി മുതലായവ ഉപയോഗിച്ച് നിർമ്മിച്ച പതാകകൾ ഉപയോഗിക്കാം. ഇതുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.