ഖാർഗെയും തരൂരും പ്രബലർ; ആർക്ക് വോട്ടു ചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് കെപിസിസി
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് കെ.പി.സി.സി നിർദേശിക്കില്ല. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മത്സര രംഗത്തുണ്ട്. യുക്തി അനുസരിച്ച് ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാമെന്ന് കെ.പി.സി.സി അറിയിച്ചു.
മല്ലികാർജുൻ ഖാർഗെ മത്സരിക്കുന്നത് ഹൈക്കമാൻഡിന്‍റെ പിന്തുണയോടെയാണ്. ജി 23 നേതാക്കളുടെ പിന്തുണയും ഖാർഗെ നേടിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നടക്കം ശശി തരൂരിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അദ്ദേഹത്തെ പരസ്യമായി പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ രംഗത്തെത്തി.
നാമനിർദ്ദേശ പത്രികയിലും അദ്ദേഹം ഒപ്പുവെച്ചു. എം കെ രാഘവൻ എം പി, കെ സി അബു, തമ്പാനൂർ രവി എന്നിവരും തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടിട്ടുണ്ട്. അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്ക് എ.കെ ആന്‍റണി ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ട്.