കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് നാളെ ദുബായിൽ ആരംഭിക്കും

ബികെകെ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നാളെ(ഒക്ടോബർ 8) ആരംഭിക്കും. ദുബായ് ഊദ് മേത്തയിലെ അൽ നസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളാണ് ആവേശകരമായ മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യ-പാക് പോരാട്ടം ഉൾപ്പെടെ 10 മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ ഉണ്ടാവുക.

90 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന്‍റെ ഷുഹൈബും പാകിസ്താന്‍റെ ഷക്കീൽ അബ്ദുള്ളയും നേർക്കുനേർ വരും. 90 കിലോ വിഭാഗത്തിലെ ലോകചാമ്പ്യനായ സ്പെയിനിന്‍റെ റൂബന്‍ ലീയും തുർക്കിയുടെ സെർദാർ ഇറോഗ്ലൂവും തമ്മിലുളള മത്സരവും ആരാധകർ കാത്തിരിക്കുന്ന മത്സരമാണ്. 190 രാജ്യങ്ങളിലെ 64 ബ്രോഡ്കാസ്റ്റർമാരാണ് മത്സരം സംപ്രേഷണം ചെയ്യുന്നത്.

ഇതാദ്യമായാണ് ദുബായിൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇന്ത്യൻ നാഷണൽ മുവെ തായ് ചാമ്പ്യൻഷിപ്പിൽ ആറ് തവണ ചാമ്പ്യനാണ് ഷുഹൈബ്. ഈ ചാമ്പ്യൻഷിപ്പ് തന്‍റെ കരിയറിൽ നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷയെന്നും ഷുഹൈബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പിന്തുണയും സൗകര്യങ്ങളും ലഭിക്കുന്നു. ബോക്സിംഗ് റിംഗിൽ ഇന്ത്യൻ ദേശീയഗാനം ആലപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ പ്രളയത്തില്‍ സർവ്വവും നഷ്ടപ്പെട്ടവർക്കുളള ആദരമായിരിക്കും തന്‍റെ വിജയമെന്നാണ് ഷുഹൈബിന്‍റെ ഇടിക്കൂട്ടിലെ എതിരാളിയായ പാക് താരം ഷക്കീല്‍ അബ്ദുളള ചാന്‍റിയോ പറയുന്നത്. ചാമ്പ്യന്‍ഷിപ്പിലെ പെണ്‍കരുത്തിന്‍റെ പോരാട്ടം തുർക്കിയുടെ ഫുണ്ട അൽകായിസും ചിലെയുടെ ഫ്രാൻസിസ്ക ബെലൻ ലിസമയും തമ്മിലാണ്.

സ്പെയിന്‍,റൊമാനിയ,ഉസ്ബെക്കിസ്ഥാന്‍,റഷ്യ,ചിലെ,മൊറോക്കോ, പലസ്തീന്‍, തായ് ലന്‍റ്, ബെല്‍ജിയം,സിറിയ,പോർച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.