ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ രണ്ടാം റൗണ്ടില്‍ കടന്ന് കിഡംബി ശ്രീകാന്ത്

ഒഡിനീസ്: ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഹോങ്കോങ്ങിന്‍റെ എൻജി കാ ലോങ് ആംഗസിനെയാണ് പുരുഷ വിഭാഗം സിംഗിൾസിലെ ആദ്യ റൗണ്ടിൽ ശ്രീകാന്ത് തോൽപ്പിച്ചത്.

മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വിജയിച്ചത്. ആദ്യ ഗെയിം തോറ്റ ഇന്ത്യൻ താരം അടുത്ത രണ്ട് ഗെയിമുകളും ജയിച്ച് മത്സരം ജയിച്ചു. മത്സരം 56 മിനിറ്റ് നീണ്ടുനിന്നു. സ്കോർ: 17-21, 21-14, 21-12. ആംഗസ് ലോക റാങ്കിംഗിൽ 14-ാം സ്ഥാനത്താണ്.

മുൻ ലോക ഒന്നാം നമ്പർ താരവും ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവുമായ ശ്രീകാന്ത് രണ്ടാം ഡെൻമാർക്ക് ഓപ്പൺ കിരീടമാണ് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം മുൻപാണ് താരം കിരീടം നേടിയത്. അടുത്ത റൗണ്ടിൽ 2021 ലെ ലോക ചാമ്പ്യൻ സിംഗപ്പൂരിന്റെ ലോഹ് കീനിനെയാണ് ശ്രീകാന്ത് നേരിടുക.