വൃക്ക ഏറ്റുവാങ്ങാന്‍ പോലും ആരും വന്നില്ലെന്ന് ആംബുലന്‍സ് ജീവനക്കാരന്‍
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്കരോഗം ബാധിച്ച രോഗി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചകളുണ്ടായെന്നാണ് വ്യക്തമാകുന്നത്. മെഡിക്കൽ കോളേജിൽ എത്തിയിട്ടും വൃക്ക സ്വീകരിക്കാൻ ആരും എത്തിയില്ലെന്ന് ആംബുലൻസ് ജീവനക്കാരൻ പറഞ്ഞു. ഇയാളാണ് പെട്ടിയുമായി ഓടിയത്. മാനുഷിക സഹായമെന്ന നിലയിലാണ് ഇത് ചെയ്തതെന്ന് ആംബുലൻസ് ജീവനക്കാരൻ കൂടിയായ സഞ്ജു പറഞ്ഞു. അതൊരു ജീവനല്ലേയെന്ന് കരുതിയാണ് ആശുപത്രിയിലേക്ക് ഓടിക്കയറിയതെന്ന് ഇയാൾ പറഞ്ഞു.
ആംബുലൻസിലെ ഡോക്ടറാണ് വൃക്ക അടങ്ങിയ പെട്ടി എടുത്ത് തനിക്ക് നൽകിയതെന്ന് സഞ്ജു പറഞ്ഞു. അദ്ദേഹമാണ് ആംബുലൻസിന്റെ ഡ്രൈവർ. രണ്ടേ മുക്കാല്‍ മണിക്കൂർ കൊണ്ടാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാൽ ആ സമയത്ത് ആശുപത്രിയിലെ സെക്യൂരിറ്റി പോലും എത്തിയില്ല. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തങ്ങള്‍ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നാണ് കെ.ജി.എം.സി.ടി.എ ആവർത്തിച്ചത്. മെഡിക്കൽ കോളേജിലെ വൃക്കരോഗിയുടെ മരണത്തിൽ ഇവർ പ്രതിരോധത്തിലാണ്. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡോ.ബിനോയ് പറഞ്ഞു.
അതേസമയം, ആംബുലൻസിൽ നിന്ന് വൃക്ക അടങ്ങിയ പെട്ടി എടുത്തവർക്കെതിരെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊച്ചിയിൽ നിന്നാണ് വൃക്ക അടങ്ങിയ പെട്ടി കൊണ്ടുവന്നത്. ഡോക്ടർമാർ എത്തുന്നതിന് മുമ്പ് പെട്ടി കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു. പെട്ടികൾ എടുത്തവർ അടച്ചിട്ടിരിക്കുന്ന ഓപ്പറേഷൻ തീയറ്ററിനു മുന്നിൽ അപമര്യാദയായി പെരുമാറി. ആശുപത്രിക്കെതിരെ മോശം പ്രചാരണമാണ് നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്കായാണ് വൃക്ക എത്തിച്ചത്. സംഭവം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ചയുണ്ടായെന്ന് ആംബുലൻസ് അസിസ്റ്റന്റ് അരുൺ ദേവ് നേരത്തെ പറഞ്ഞിരുന്നു.