കിളികൊല്ലൂർ മർദനം; പോലീസുകാർക്കെതിരെ നടപടിക്ക് പ്രതിരോധമന്ത്രിക്ക് പരാതി നൽകി സൈനികന്റെ അമ്മ

കൊല്ലം: കിളികൊല്ലൂർ പൊലീസ് മർദനത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മര്‍ദനമേറ്റ വിഷ്ണുവിന്റെ അമ്മ കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് വിഷ്ണുവിന്‍റെ അമ്മ സലീല കുമാരിയാണ് ഇമെയിലിലൂടെയും തപാലിലൂടെയും പരാതി നൽകിയത്.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സുഹൃത്തിനെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികന്‍ വിഷ്ണുവിനെയും സഹോദരനും ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ വിഘ്നേഷിനെയുമാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. പോലീസുകാരെ മർദ്ദിച്ചെന്ന കുറ്റത്തിന് വിഷ്ണുവിനെയും വിഘ്നേഷിനെയും 12 ദിവസം ജയിലിലടച്ചു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുണ്ടായ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 4 പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും രണ്ട് പേരെ സ്ഥലം മാറ്റുകയും ചെയ്തു.

എന്നാൽ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുകയാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും വിഷ്ണുവിന്‍റെ അമ്മ പ്രതിരോധമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചും ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മിഷണറും യുവാക്കളുടെ പരാതി അന്വേഷിക്കുന്നുണ്ട്.