കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം; ചികിത്സ ഉറപ്പാക്കിയില്ല, മജിസ്ട്രേറ്റിനെതിരെ പരാതി

കൊല്ലം: കിളികൊല്ലൂരിലെ പൊലീസ് കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. പൊലീസിൽ നിന്ന് മർദ്ദനമേറ്റെന്ന് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് മജിസ്ട്രേറ്റ് സൈനികനെയും സഹോദരനെയും റിമാന്‍ഡ് ചെയ്തത്.

പൂര്‍വ്വ സൈനിക സേവാ പരിഷത് ആണ് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നല്‍കിയത്.കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയാണ് പരാതി.

അതേസമയം, സൈനികനും സഹോദരനും സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റുവെന്ന് തെളിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നു. വിഷ്ണുവിനെയും വിഘ്നേഷിനെയും സി.ഐയും എസ്.ഐയും മർദ്ദിച്ചുവെന്ന സ്റ്റേഷനിലെ വനിതാ എസ്.ഐയുടെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ കൂടിയായിരുന്ന എസ്.ഐ സ്വാതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്.