കിളികൊല്ലൂർ പൊലീസ് മർദനം; എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് കോടതി

കൊച്ചി: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിലവിൽ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ എഫ്.ഐ.ആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നും ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സഹോദരങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കിളികൊല്ലൂർ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സൈനികൻ വിഷ്ണുവും സഹോദരനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തങ്ങളെ മർദ്ദിച്ച പൊലീസുകാർക്കെതിരായ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തന്‍റെയും സഹോദരന്‍റെയും ഭാവി നശിപ്പിക്കുകയാണ് കേസിന് പിന്നിലെ ലക്ഷ്യമെന്നും വിഷ്ണു ഹർജിയിൽ ആരോപിക്കുന്നു.

സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സൈനികനും സഹോദരനുമെതിരെ വ്യാജ കുറ്റം ചുമത്തി കേസെടുക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും ചെയ്തു. ഒമ്പത് പൊലീസുകാർക്കെതിരെ പരാതി ഉയർന്നെങ്കിലും നാല് പേർക്കെതിരെ മാത്രമാണ് നടപടിയെടുത്തത്.