കിളികൊല്ലൂർ പൊലീസ് മർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്തുപോയത് അന്വേഷിക്കാൻ പൊലീസ്
കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. ആക്രമണത്തെക്കുറിച്ച് നടക്കുന്ന വകുപ്പുതല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് നീക്കം.
പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനോ വിവരാവകാശ നിയമപ്രകാരമോ മാത്രമേ ലഭിക്കൂ എന്നുള്ളപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീഡിയോ പുറത്തു വിട്ടത് അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം സസ്പെൻഷനിലായ എസ്.ഐ അനീഷ് വാട്സാപ്പ് വഴി പ്രചരിപ്പിച്ചതും പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.