കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായി; വെളിപ്പെടുത്തലുമായി സഹോദരി

ഉത്തര കൊറിയ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് പനിയാണെന്നും ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന്‍റെ സഹോദരി വെളിപ്പെടുത്തി. കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോങ് ജോങ് അടുത്തിടെ രാജ്യത്തുടനീളം കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ അദ്ദേഹത്തിന് കടുത്ത പനിയുണ്ടായെന്ന് വെളിപ്പെടുത്തി. തളർന്നിട്ടും ജനങ്ങളെ സേവിക്കുന്നതിൽ നിന്ന് ഉൻ ഒഴിഞ്ഞുമാറിയിട്ടില്ലെന്ന് കിമ്മിന്‍റെ സഹോദരി പറഞ്ഞു. ഉത്തരകൊറിയയുടെ ദേശീയ വാർത്താ ഏജൻസി വഴിയാണ് കിമ്മിന്‍റെ സഹോദരി ഇക്കാര്യം അറിയിച്ചത്.

ഉത്തരകൊറിയയിൽ കോവിഡ്-19 അതിവേഗം പടരുന്നുവെന്ന് ദക്ഷിണ കൊറിയ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും കിം യോങ് ജോങ് ആരോപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളിലാക്കി പറത്തിവിടുകയാണെന്നും ഇവര്‍ ആരോപിച്ചു. ദക്ഷിണ കൊറിയയിൽ നിന്ന് കൊണ്ടുവന്ന വസ്തുക്കളിൽ നിന്നാണ് വൈറസ് രാജ്യത്തേക്ക് വന്നതെന്നും, രാജ്യത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയാൽ വെറുതെയിരിക്കില്ലെന്ന് കിം യോങ് ജോങ് ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പ് നൽകി.

കോവിഡ്-19 ൽ നിന്ന് പൂർണ്ണമായും മുക്തമാണെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കിം യോങ് ജോങ്. കൊവിഡ് കാലത്ത് കിം ജോങ് ഉന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് കുറവായിരുന്നു. കിമ്മിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്കിടെ കിം മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം കിം പൊതുരംഗത്ത് തിരിച്ചെത്തിയതോടെ പ്രചാരണം അവസാനിച്ചു.