കെ.എൽ രാഹുലും ആതിയ ഷെട്ടിയും ജനുവരിയിൽ വിവാഹിതരാകും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരാകുന്നു. അടുത്ത വർഷം ജനുവരിയിൽ ദക്ഷിണേന്ത്യൻ ആചാര പ്രകാരം വിവാഹം നടക്കും. ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയും രാഹുലും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും മുംബൈയിലെ ബാന്ദ്രയിൽ നിർമ്മിച്ച ആഡംബര വസതിയിലേക്ക് താമസം മാറിയിരുന്നു.
വിവാഹത്തിന്‍റെ കൃത്യമായ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഉണ്ടാകുമെന്നാണ് സൂചന. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. മുംബൈയ്ക്കടുത്തുള്ള ഖണ്ഡാലയിലെ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസായ ജഹാൻ ആയിരിക്കും വിവാഹ വേദിയെന്നാണ് റിപ്പോർട്ടുകൾ.
ഹൽദി, മെഹന്ദി ഉൾപ്പെടെയുള്ള ചടങ്ങുകളോടെ ദക്ഷിണേന്ത്യൻ ശൈലിയിലായിരിക്കും വിവാഹം നടക്കുക എന്നാണ് അറിയുന്നത്. കർണാടകയിലെ ബെംഗളൂരു സ്വദേശിയാണ് രാഹുൽ. വിവാഹ ക്ഷണക്കത്തുകൾ ഈ മാസം തന്നെ പുറത്ത് വരാനാണ് സാധ്യത. കഴിഞ്ഞ മൂന്ന് വർഷമായി രാഹുലും ആതിയയും തമ്മിൽ പ്രണയത്തിലായിരുന്നുവെങ്കിലും കഴിഞ്ഞ വർഷമാണ് ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.