കാര്യവട്ടത്തെ പ്രകടനത്തിൽ അര്‍ഷ്‌ദീപ് സിംഗിനെ പ്രശംസിച്ച് കെ എല്‍ രാഹുല്‍

കാര്യവട്ടം: സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓവറുകളിൽ ഒന്ന്. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ, ഇടംകൈയൻ പേസർ അർഷ്ദീപ് സിംഗ് ആദ്യ ഓവറിൽ എറിഞ്ഞ പന്തുകളെ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ ഓവറിൽ ഏഴ് റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അര്‍ഷ് വീഴ്ത്തിയത്. ഇതിൽ രണ്ട് വിക്കറ്റുകൾ അടുത്തടുത്ത പന്തുകളിൽ നിന്നാണ് പിറന്നത്. കാര്യവട്ടത്തെ മികച്ച പ്രകടനത്തിന് അർഷ്ദീപിനെ അഭിനന്ദിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും രംഗത്തെത്തി.

ഓരോ മത്സരം കഴിയുമ്പോഴും അർഷ്ദീപ് വളരുകയാണ്. ഓരോ മത്സരത്തിലും മെച്ചപ്പെടുന്നു. ഐപിഎല്ലിൽ കളിക്കുമ്പോൾ അർഷ്ദീപിനെ അടുത്തറിഞ്ഞിട്ടുണ്ട്. ഈ സീസണിൽ, ഫ്രാഞ്ചൈസിക്കായി വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. ടീമിലെ ഒന്നാം നമ്പർ ഡെത്ത് ബൗളറായ കാഗിയോ റബാഡ അദ്ദേഹത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. ഇന്ത്യൻ ടീമിന് എപ്പോഴും ഒരു ഇടംകൈയൻ പേസറെ ആവശ്യമുണ്ട്. അർഷ്ദീപിനെ പോലൊരു കളിക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി കെ എൽ രാഹുലിന്‍റെ ക്യാപ്റ്റൻസിയിൽ അർഷ്ദീപ് സിംഗ് കളിച്ചിട്ടുണ്ട്. 

തന്‍റെ ഓവറിലെ രണ്ടാം പന്തിൽ അർഷ്ദീപ് സിംഗ് ദക്ഷിണാഫ്രിക്കയുടെ മേൽ കൊടുങ്കാറ്റായി വീശി. ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റ്സ്മാൻ ക്വിന്‍റണ്‍ ഡികോക്കിനെ (4 പന്തിൽ 1) അർഷ്ദീപ് പുറത്താക്കി. അടുത്ത പന്തിൽ എയ്ഡൻ മാര്‍ക്രം റൺ ഒന്നും നേടിയില്ല. നാലാം പന്തിൽ ബൗണ്ടറിയും തുടർന്ന് രണ്ട് വൈഡും പിറന്നു. എന്നാൽ അഞ്ചാം പന്തിൽ റൂസ്സേയേയും അവസാന പന്തില്‍ കില്ലര്‍ മില്ലറേയും അര്‍ഷ്‌ദീപ് മടക്കി അയച്ചു. രണ്ട് കളിക്കാരുടെയും പുറത്താകല്‍ ഗോള്‍ഡന്‍ ഡക്കാണ് എന്ന സവിശേഷതയുമുണ്ട്. നാല് ഓവറിൽ 32 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗായിരുന്നു മത്സരത്തിൽ മികച്ചു നിന്നത്.