നാക്ക് എ പ്ലസ് നേടി ചരിത്രം കുറിച്ച് കെഎംസിടി ഡെന്റല്‍ കോളേജ്

നാഷണൽ അക്രഡിറ്റേഷൻ ആൻഡ് അസസ്മെന്‍റ് കൗൺസിലിന്‍റെ (നാക്ക്) ആദ്യ മൂല്യനിർണയത്തിൽ എ പ്ലസ് അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായി കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിടി ഡെന്‍റൽ കോളേജ് മാറി. രാജ്യത്ത് ആദ്യമായാണ് ഒരു ഡെന്‍റൽ കോളേജ് ആദ്യ റൗണ്ടിൽ തന്നെ നാക്കിന്‍റെ എ പ്ലസ് ഗ്രേഡ് നേടുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേന്മയും ഗുണനിലവാരവും വിലയിരുത്തുകയും അതിന്‍റെ അടിസ്ഥാനത്തിൽ അക്രഡിറ്റേഷൻ നൽകുകയും ചെയ്യുന്ന യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി) ധനസഹായം നൽകുന്ന ഒരു സ്വതന്ത്ര ഏജൻസിയാണ് എൻ.എ.എ.സി(നാക്ക്).

ഇന്ത്യയിലെ 318 ഡെന്‍റൽ കോളേജുകളിൽ, കല്പിത യൂണിവേഴ്സിറ്റികൾ ഒഴികെ 26 സ്വതന്ത്ര കോളേജുകൾക്ക് മാത്രമാണ് നാക്ക് അക്രഡിറ്റേഷൻ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ആദ്യ റൗണ്ടിൽ തന്നെ നാക്ക് എ പ്ലസ് ഗ്രേഡ് നേടി കെഎംസിടി ചരിത്രനേട്ടം കൈവരിച്ചത്.

കെ.എം.സി.ടി. ഡെന്‍റൽ കോളേജ് കെ.എം.സി.ടി ഗ്രൂപ്പിന്‍റെ ഭാഗമാണ്. പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങൾക്കുമായി പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സ്ഥാപനമാണ് കെ.എം.സി.ടി ഗ്രൂപ്പ്. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്‍റെ എല്ലാ മേഖലകളിലും ഉയർന്ന നിലവാരം നിലനിർത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ നേട്ടം. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ രാജ്യത്തും ലഭ്യമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ഈ അംഗീകാരം കൂടുതൽ ഉത്തേജനം നൽകുമെന്ന് കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ കെ എം നവാസ് പറഞ്ഞു.