കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക്; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: സുൽത്താൻ ബത്തേരി കോഴക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും. പണം സി കെ ജാനുവിന് നൽകിയെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയൽ കേസിൽ പ്രതിയാകാനാണ് സാധ്യത. നിലവിൽ കേസിലെ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി കെ ജാനുവുമാണ്. കേസുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം അടുത്തയാഴ്ചയോടെ ലഭിക്കും.

ശബ്ദ സാമ്പിൾ ശേഖരിച്ച് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താനാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. എന്നാൽ, കേന്ദ്ര സർക്കാരിന് കീഴിലുള്ള ലാബുകൾ സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വസനീയമാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാകാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന പ്രസിഡന്റ് സി കെ ജാനുവിന് 35 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നാണ് സുരേന്ദ്രനെതിരെയുളള ആരോപണം. അതേസമയം മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.