പൊതുമരാമത്ത് വകുപ്പുനെതിരെ കൊച്ചി മേയര്‍

കൊച്ചി : പുതിയ പാലം നിർമ്മിക്കാതെ നിലവിലുള്ള ബ്രഹ്മപുരം പാലം പൊളിക്കാനുള്ള നീക്കത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് പിൻമാറണമെന്ന് കൊച്ചി മേയർ എം അനിൽകുമാർ. വാട്ടർ മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന ബ്രഹ്മപുരത്തേക്കുള്ള പാലം പൊളിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ആലോചന. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗം റീ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കൊച്ചി മുനിസിപ്പാലിറ്റിക്ക് പുറമെ 5 മുനിസിപ്പാലിറ്റികളിലെയും 4 പഞ്ചായത്തുകളിലെയും മാലിന്യങ്ങൾ ബ്രഹ്മപുരത്ത് സംസ്കരിക്കുന്നുണ്ട്. ഇതിൽ കൊച്ചി കോർപ്പറേഷൻ, അങ്കമാലി, ആലുവ, തൃക്കാക്കര, കളമശ്ശേരി മുനിസിപ്പാലിറ്റികൾ, ചേരാനല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് ബ്രഹ്മപുരം പ്ലാന്‍റിലേക്ക് എളുപ്പത്തിൽ മാലിന്യം കൊണ്ടുപോകാനുള്ള ഏക മാർഗം ഇൻഫോപാർക്ക്-കരിങ്കൽ വഴി ബ്രഹ്മപുരത്തേക്കുള്ള റോഡാണ്. ഇൻഫോപാർക്ക് കരിങ്കൽ റോഡിലെ ബ്രഹ്മപുരം പാലം പൊളിക്കുന്നതോടെ ഈ റോഡ് പൂർണമായും അടച്ചിടും. തുടർന്ന് ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, പേട്ട, ഇരുമ്പനം, കരിംകുളം തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങൾ വഴി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകേണ്ടിവരും. ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക മാത്രമല്ല, മുനിസിപ്പാലിറ്റികൾക്ക് ധാരാളം പണം ചെലവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ പുതിയ പാലം നിർമ്മിച്ച് പകരം സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം മാത്രമേ പൊതുമരാമത്ത് വകുപ്പ് നിലവിലെ പാലം പൊളിച്ചുനീക്കാവൂ. വിഷയത്തിൽ ചർച്ച നടത്തിയ ശേഷം മാത്രമേ പൊതുമരാമത്ത് വകുപ്പ് റീ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാവൂ എന്നും മേയർ ആവശ്യപ്പെട്ടു.