കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അംഗീകാരം; നിര്‍മാണച്ചെലവ് 1957.05 കോടി

ന്യൂഡല്‍ഹി: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതി. കലൂർ സ്റ്റേഡിയം–ഇൻഫോപാർക്ക് പാതയ്ക്കാണ് അനുമതി. സെപ്റ്റംബർ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. 11.17 കിലോമീറ്റർ നീളമുള്ള പാതയിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും. ആകെ 1,957.05 കോടി രൂപയാണ് ചെലവ്. രണ്ടാം ഘട്ടത്തോട് അനുബന്ധിച്ച് സീപോർട്ട് – എയർപോർട്ട് റോഡിന്റെ വീതി കൂട്ടൽ നടന്നുവരികയാണ്. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടം 5,181.79 കോടി രൂപയ്ക്കാണ് പൂർത്തിയായത്. 25.6 കിലോമീറ്റർ നീളമുള്ള പാതയിൽ 22 സ്റ്റേഷനുകളുണ്ട്. പിന്നീട് ഫേസ് 1എ പദ്ധതിയിൽപ്പെടുത്തി പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള 1.80 കി.മീ 710.93 കോടിക്കു പൂർത്തിയായി. ഫേസ് 2 ബി പദ്ധതിയില്‍പ്പെടുത്തി എസ്എൻ ജംഗ്ഷനിൽനിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.