Latestകേരളം

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം; ​ഗർഡർ സ്ഥാപിക്കൽ ആരംഭിച്ചു

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തിന്റെ ഭാഗമായി ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സ്ഥാപിച്ചു. കളമശ്ശേരിയിലെ കാസ്റ്റിങ് യാര്‍ഡില്‍ നിര്‍മിച്ച 170 ടണ്‍ ഭാരമുള്ള യു ഗര്‍ഡര്‍ മള്‍ട്ടി ആക്സില്‍ ട്രെയ്ലര്‍ ഉപയോഗിച്ചാണ് പദ്ധതിസ്ഥലത്ത് കൊണ്ടുവന്നത്. ഹെവി ഡ്യൂട്ടി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളിലെ പിയര്‍ക്യാപ്പില്‍ ഉറപ്പിക്കുന്നത്.

ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ പാതയിലുള്ള തൂണുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരും. ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 65 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 18 തൂണുകളില്‍ പിയര്‍ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.മെട്രോ പാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 260 പൈലുകളും ഉള്‍പ്പെടെ മൊത്തം 1135 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കളമശ്ശേരിയിലെ കാസ്റ്റിങ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ക്യാപ്പുകളുടെയും നിര്‍മാണവും പുരോഗമിക്കുകയാണ്. 100 യു ഗര്‍ഡറുകളുടെയും 72 ഐ ഗര്‍ഡറുകളുടെയും 100 പിയര്‍ ക്യാപ്പുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്.