‘കൊച്ചിയെ സമുദ്ര സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കും’
കളമശേരി: കൊച്ചിയെ ഇന്ത്യയിലെ സമുദ്ര സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റുന്നതിന് നൂതന പദ്ധതികൾക്ക് സർക്കാർ രൂപം നൽകുകയാണെന്ന് മന്ത്രി പി രാജീവ്. കുസാറ്റ് ഷിപ്പ് ടെക്നോളജി അലുംനി സൊസൈറ്റി സംഘടിപ്പിച്ച ഇന്‍റർനാഷണൽ ഓഷ്യാനിക് ടെക്നോളജി സയൻസ് സെമിനാർ (ഡിഐഎംഎസ്-22) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദ്ര സാങ്കേതിക ശാസ്ത്ര മേഖലയുടെ വികസനത്തിനുതകുന്ന അനുബന്ധ വ്യവസായങ്ങളുടെ ഏകീകൃത ഉന്നമനം ലക്ഷ്യമിട്ടുള്ള നയപരമായ തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ സാങ്കേതിക മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടുതൽ പരിശോധിക്കണമെന്ന് കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാൻ മധു എസ് നായർ അഭിപ്രായപ്പെട്ടു. വികസനത്തിന് സാങ്കേതിക മേഖലകളുടെ സമഗ്ര സംയോജനം അനിവാര്യമാണെന്നും ഈ പദ്ധതിയിൽ അക്കാദമിക് സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കുസാറ്റ് വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ പറഞ്ഞു. സതേൺ നേവൽ കമാൻഡിലെ റിയർ അഡ്മിറൽ സുബീർ മുഖർജി, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേവൽ ആർക്കിടെക്റ്റ്സ് സിഇഒ റീന ക്രിസ് ബോയ്ഡ്, മേയർ എം അനിൽ കുമാർ, അലുംനി അസോസിയേഷൻ പ്രസിഡന്‍റ് ആഷിഖ് സുബഹാനി, സെക്രട്ടറി ശങ്കർ വിജി എന്നിവർ പ്രസംഗിച്ചു.