കൂടത്തായി കൊലപാതകം; പ്രതിഭാഗം നൽകിയ വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട്ടെ പ്രത്യേക കോടതിയാണ് വാദം കേൾക്കുക. റോയ് തോമസ്, സിലി വധക്കേസുകളിൽ കോടതി വാദം കേൾക്കാൻ തുടങ്ങിയിരുന്നു. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു എന്നിവരുടെ കൊലപാതക കേസുകളും കോടതി ഇന്ന് പരിഗണിക്കും.

കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയി തോമസിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കിയ റോയ് തോമസിന്‍റെ ഭാര്യ ജോളിക്കെതിരെ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേൽനോട്ടത്തിൽ ആറ് അന്വേഷണസംഘങ്ങൾ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളിൽ കൂടി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.