കൂടത്തായി റോയ് കൊലക്കേസ്; പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി കോടതി തള്ളി. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസിലെ വിചാരണ നടപടികൾ ഈ മാസം 24ന് ആരംഭിക്കും. ഒക്ടോബറിൽ കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളി തോമസ് അറസ്റ്റിലായിട്ട് മൂന്ന് വർഷം തികഞ്ഞിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ ജോളി ആറ് കൊലപാതകങ്ങൾ നടത്തിയെന്നാണ് കേസ്. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്ത്, അതുമായി ബന്ധപ്പെട്ട് നൽകിയ ഒരു പരാതി എന്നിവയാണ് വെറും മരണങ്ങൾ മാത്രമായി അവശേഷിക്കുമായിരുന്ന ആറ് മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. സ്വത്ത് തട്ടിയെടുക്കാനാണ് പൊന്നാമറ്റത്തെ മരുമകളായ ജോളി ആറ് പേരെ കൊലപ്പെടുത്തിയത്.

2002 ൽ അന്നമ്മ തോമസ് ആട്ടിൻ സൂപ്പ് കഴിച്ച് കുഴഞ്ഞുവീണ് മരിച്ചതാണ് ആദ്യ കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസും മൂന്ന് വർഷത്തിന് ശേഷം മകൻ റോയ് തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്‍റെ സഹോദരൻ എം.എം.മാത്യുവിന്റേതായിരുന്നു. തൊട്ടടുത്ത മാസം ഷാജുവിന്‍റെ ഒരു വയസ്സുള്ള മകൾ ആൽഫൈനും, 2016ൽ ഷാജുവിന്‍റെ ഭാര്യ സിലിയും മരിച്ചു. ഇതിൽ റോയ് തോമസിന്‍റെ മരണം സംശയം ജനിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.