കൂടത്തായ് പരമ്പര കേസ്; വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും
കൂടത്തായ്: കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട്ടെ പ്രത്യേക കോടതിയാണ് വാദം കേൾക്കുക. റോയ് തോമസ്, സിലി വധക്കേസുകളിലെ ഒന്നാം പ്രതി ജോളി സമർപ്പിച്ച വിടുതൽ ഹർജികളാണ് പരിഗണിക്കുന്നത്. ജയിലിൽ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ പ്രതിഭാഗം സമർപ്പിച്ച റിവിഷൻ ഹർജിയും ഇന്ന് പരിഗണിക്കും. ആൽഫൈൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു വധക്കേസുകൾ ഈ മാസം 31ന് പരിഗണിക്കും.
കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയി തോമസിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കിയ റോയ് തോമസിന്‍റെ ഭാര്യ ജോളിക്കെതിരെ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ്.പി കെ.ജി സൈമണിന്‍റെ മേൽനോട്ടത്തിൽ ആറ് അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് മറ്റ് കൊലപാതക കേസുകളിലും കുറ്റപത്രം സമർപ്പിച്ചു.