മുംബൈയിൽ അക്രമത്തിൽനിന്ന് രക്ഷിച്ചവരോടൊപ്പം ഭക്ഷണം കഴിച്ച് കൊറിയൻ യുട്യൂബർ

മുംബൈ: മുംബൈയിലെ തെരുവിൽ അക്രമത്തിൽ നിന്ന് തന്നെ രക്ഷിച്ച യുവാക്കളെ ദക്ഷിണ കൊറിയൻ യൂട്യൂബർ പരിചയപ്പെടുത്തി. ആദിത്യയെയും അഥർവയെയും കണ്ടെത്തിയ യൂട്യൂബർ ഹ്യോജ്യോങ് പാർക്ക് അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. വീഡിയോയിലൂടെ ഇരുവരെയും ലോകത്തിന് പരിചയപ്പെടുത്താനും യൂട്യൂബർ മറന്നില്ല.

സബ് അർബൻ ഖാർ മേഖലയിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ലൈവ് വീഡിയോ എടുക്കുകയായിരുന്ന പാർക്കറിനെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിച്ചത്. എതിർത്തിട്ടും അയാൾ ആ സ്ത്രീയുടെ കൈ പിടിച്ചു. യുവാവ് അടുത്തെത്താൻ ശ്രമിക്കുമ്പോൾ പാർക്കർ ശാന്തമായി സ്ഥലം വിടാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് മറ്റൊരാളോടൊപ്പം ബൈക്കിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്തു. അയാൾ പാർക്കറിനെ ചുംബിക്കാനും ശ്രമിച്ചു.

സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ പ്രതികളായ മോബിൻ ചന്ദ് മുഹമ്മദ് ഷെയ്ഖ് (19), മുഹമ്മദ് നഖിബ് സദാരിയം അൻസാരി (20) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.