വിദ്യാർത്ഥിയെ മർദ്ദിച്ച കോതമംഗലം എസ്ഐയ്ക്ക് സസ്പെന്‍ഷന്‍
കൊച്ചി: വിദ്യാർത്ഥിയെ മർദ്ദിച്ച കോതമംഗലം എസ്.ഐയെ സസ്പെൻഡ് ചെയ്തു. എസ്.ഐ മാഹിൻ സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്.എഫ്.ഐ പ്രാദേശിക ഭാരവാഹിയായ വിദ്യാർത്ഥിയെ എസ്.ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പൊലീസ് കൊണ്ടുപോയ മറ്റൊരു വിദ്യാർത്ഥിയെ തേടി കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തിയ എസ്എഫ്ഐ കോതമംഗലം ലോക്കൽ സെക്രട്ടറിക്കാണ് മർദ്ദനമേറ്റത്. നേരത്തെ സ്റ്റേഷനുള്ളിൽ വിദ്യാർത്ഥിയുടെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ എസ്.ഐക്കെതിരെ നടപടി വേണമെന്ന് എസ്.എഫ്.ഐ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
കോതമംഗലം തങ്കളം ബൈപ്പാസിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാർത്ഥി സംഘത്തിലെ ഒരു വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ സഹവിദ്യാർത്ഥിയെ തേടിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. അവിടെ വച്ചാണ് എസ്.എഫ്.ഐ കോതമംഗലം ലോക്കൽ സെക്രട്ടറി റോഷനെ എസ്.ഐ മാഹിൻ സലീം അകത്തു കൊണ്ടുപോയി മർദ്ദിച്ചത്. എസ്.എഫ്.ഐക്കാരാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞപ്പോൾ നീ എസ്.എഫ്.ഐ പ്രവർത്തകനാണോ എന്ന് ചോദിച്ചാണ് എസ്.ഐ മർദ്ദിച്ചത്.