അതിദരിദ്രർക്കായി സൂക്ഷ്മപദ്ധതി തയ്യാറാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി കോട്ടയം
അതി ദരിദ്രർക്കായി സൂക്ഷ്മപദ്ധതി തയ്യാറാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി കോട്ടയം. കളക്ടർ പി.കെ.ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മലാ ജിമ്മി എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ അതീവ ദരിദ്രരെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയ 1071 പേർക്ക് വേണ്ടിയാണ് മൈക്രോ പ്ലാൻ രൂപീകരിച്ചത്. മുണ്ടക്കയം ഗ്രാമപഞ്ചായത്താണ് മൈക്രോപ്ലാൻ രൂപീകരണം ആദ്യം പൂർത്തിയാക്കിയത്.
മൈക്രോ പ്രോജക്ടിനായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ശിൽപശാലകൾ നടത്തി. തുടർന്ന് ജില്ലാതല ഏകോപന സമിതി പദ്ധതികൾ വിലയിരുത്തി അംഗീകാരം നൽകി. അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി ഉടൻ നടപ്പാക്കാൻ കഴിയുന്ന 375 പദ്ധതികൾക്ക് അംഗീകാരം നൽകി. 280 ഹ്രസ്വകാല പദ്ധതികളും 185 ദീർഘകാല പദ്ധതികളും ജില്ലയിൽ ഏറ്റെടുത്തിട്ടുണ്ട്.
പാകം ചെയ്ത ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ലഭ്യമാക്കൽ, റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റുകൾ, സാമൂഹിക സുരക്ഷാ പെൻഷൻ, അവകാശരേഖകൾ, എന്നിവ ലഭ്യമാക്കൽ, ആരോഗ്യവുമായി ബന്ധപ്പെട്ട ഇടപെടലുകൾ, പാലിയേറ്റീവ് കെയർ സേവനങ്ങൾ എന്നിവയാണ് ഉടൻ നടപ്പാക്കുന്ന സേവന പദ്ധതികളിൽ ഉൾപ്പെടുന്നത്. വീടുകളുടെ അറ്റകുറ്റപ്പണി, പാർപ്പിടം ഉറപ്പാക്കൽ, പോഷകാഹാരം ലഭ്യമാക്കൽ, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം എന്നിവ ഹ്രസ്വകാല പദ്ധതികളിൽ ഉൾപ്പെടുന്നു.