കോഴിക്കോട് ബാങ്ക് മാനേജര്‍ കോടികൾ തട്ടിയത് ഓൺലൈൻ ഗെയിമിംഗിനും ഓഹരി വാങ്ങാനും
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എം.പി.റിജിൽ, പണം ചെലവാക്കിയത് ഓൺലൈൻ ഗെയിം കളിക്കാൻ. ഓഹരികളിലും ഇയാൾ പണം നിക്ഷേപിച്ചു. 8 കോടിയോളം രൂപയാണ് ഇത്തരത്തിൽ ചെലവാക്കിയത്. അതേസമയം, ബാങ്കിലെ പണം തട്ടിപ്പ് കേസില്‍ റിജില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
ടൗണ്‍ പോലീസ് റിജിലിന്റെ മുക്കത്തെ വീട് ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പുതിയ വീട് നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന് 80 ലക്ഷം രൂപ ബാങ്ക് വായ്പയുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെ റിജിലിന്റെ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
ചെറിയ തുകകളായാണ് ബാങ്കിലെ സീനിയര്‍ മാനേജരായിരുന്ന റിജില്‍ പണം മാറ്റിയതെന്നാണ് കണ്ടെത്തല്‍. അച്ഛന്റെ അക്കൗണ്ടിലേക്ക് തുക മാറ്റിയപ്പോള്‍ തുക എവിടെ നിന്ന് വന്നുവെന്ന് കാണിക്കേണ്ട ഭാഗം റിജില്‍ ഒഴിച്ചിട്ടിരുന്നു. ഇത്തരത്തില്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ സീനിയര്‍ മാനേജര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സീനിയര്‍ മാനേജരുടെ അധികാരം റിജില്‍ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.