കോഴിക്കോട് മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം; നടപടി ഇന്ന്
കോഴിക്കോട്: കോഴിക്കോട് മേയർ ബീന ഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതിയിൽ ചർച്ചയാകും. മേയർക്കെതിരെ കർശന നടപടി വേണമെന്നാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. അതേസമയം കടുത്ത നടപടി ഉണ്ടായേക്കില്ലെന്നാണ് സൂചന.
ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ജില്ലാ കമ്മിറ്റിയുടെ നിലപാടും മേയർ നൽകിയ വിശദീകരണവും ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. 2010ൽ കൊല്ലം മേയറായിരുന്ന പത്മലോചനനെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ബീന ഫിലിപ്പ് നിലവിൽ പാർട്ടിയുടെ ബ്രാഞ്ച് അംഗം മാത്രമാണ്. സജീവ രാഷ്ട്രീയത്തിൽ ദീർഘകാല പ്രവർത്തി പരിചയത്തിന്‍റെ അഭാവം കണക്കിലെടുത്ത് കർശന നടപടി സ്വീകരിക്കാൻ സാധ്യതയില്ല. വിഷയം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത ശേഷം ജില്ലാ കമ്മിറ്റിയാകും തീരുമാനമെടുക്കുക.