കോഴിക്കോട്‌ പിഎൻബി തട്ടിപ്പ്; 21.5 കോടിയുടെ തിരിമറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോർപ്പറേഷന്‍റെ അക്കൗണ്ടുകൾക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും കൃത്രിമം നടന്നിട്ടുണ്ട്.

സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്നും കോർപ്പറേഷന്റെ എട്ട് അക്കൗണ്ടുകളിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. ഈ 17 അക്കൗണ്ടുകളിലായി ആകെ 21.5 കോടി രൂപയുടെ തിരിമറിയാണ് നടത്തിയത്. ചില അക്കൗണ്ടുകളിൽ പണം വീണ്ടും നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.

പല അക്കൗണ്ടുകളിൽ നിന്നും തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്കിന്‍റെയും കോർപ്പറേഷന്‍റെയും രേഖകൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും. തട്ടിപ്പ് കേസിലെ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എം പി റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടിൽ നിന്നാണ് പണമിടപാടുകൾ നടത്തിയതെന്ന് കണ്ടെത്തി.