കെപിസിസി പുന:സംഘടനാ പട്ടിക തിരിച്ചയച്ചു; കേരള നേതൃത്വത്തിന് തിരിച്ചടി

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചയച്ചു. ഇത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനാകെ തിരിച്ചടിയായിരിക്കുകയാണ്. ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തെ അട്ടിമറിച്ചെന്നാണ് പരാതി. ഇതാണ് തിരികെ അയയ്ക്കാനുള്ള കാരണം. പട്ടികയിൽ യുവാക്കൾക്കോ സ്ത്രീകൾക്കോ മതിയായ പ്രാതിനിധ്യമില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ ചൂണ്ടിക്കാട്ടി. നിർണായകമായ പല നിർദ്ദേശങ്ങളും ലംഘിക്കപ്പെട്ടതായും ആരോപണമുണ്ട്. പട്ടികജാതി സംവരണമെന്ന നിബന്ധന പാലിച്ചില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് സംസ്ഥാന നേതൃത്വം നേരിടുന്നത്.

റിട്ടേണിംഗ് ഓഫീസറായ പരമേശ്വര നിരവധി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം ഒരു ഭാരവാഹി സ്ഥാനത്ത് തുടരരുതെന്ന ചിന്തന്‍ശിബിര്‍ തീരുമാനം സംസ്ഥാനം അട്ടിമറിച്ചെന്നും റിട്ടേണിംഗ് ഓഫര്‍ ആരോപിക്കുന്നു. ചിന്തൻ ശിബിരിലെ തീരുമാനം സംസ്ഥാനം ഗൗരവമായി എടുത്തില്ലെന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഇത്തവണ ഗ്രൂപ്പുകൾ വഴിമാറിയിരുന്നു. കെ.പി.സി.സി 280 അംഗങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയത്. ഉദയ്പൂരിലെ തീരുമാനം കേരളത്തിലെ ആരും അറിഞ്ഞില്ലെന്ന അവസ്ഥയാണ്. 10-15 വർഷം പദവികൾ വഹിച്ചവരെയാണ് കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻ പട്ടികയിൽ ചെറിയ ചില മാറ്റങ്ങൾ മാത്രം വരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. അതുകൊണ്ടാണ് അതേ ആളുകൾ വീണ്ടും വന്നത്. ഹൈക്കമാൻഡിനെ പ്രകോപിപ്പിക്കാൻ കൂടുതൽ കാരണം ആവശ്യമില്ല. പട്ടികയിൽ മൂന്ന് സ്ത്രീകൾ മാത്രമാണുള്ളത്. ബിന്ദു കൃഷ്ണ, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല എന്നിവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 280 പേരുടെ പട്ടികയിൽ 44 പുതുമുഖങ്ങളുണ്ട്. യുവാക്കളാണെങ്കില്‍ അതിലും കുറവാണ്. അംഗത്വത്തിന് പോലും എത്താത്തവർ പട്ടികയിലുണ്ടെന്നും പരാതിയുണ്ട്. മെമ്പര്‍ഷിപ്പ് ചേര്‍ത്തവര്‍ക്കാണെങ്കില്‍ അവഗണനയും.