സ്വപ്നയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തൻ്റെ ആത്മകഥയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കേണ്ടതുണ്ടെന്നും അധികാരത്തിന്‍റെ തണലിൽ സംസ്ഥാനത്തെ ഉന്നതർ നടത്തിയ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുറ്റസമ്മതമാണ് ആത്മകഥ എന്നും അദ്ദേഹം പറഞ്ഞു.
പുത്രവാത്സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ, മുഖ്യമന്ത്രി പലപ്പോഴും പുത്രീവാത്സല്യത്താല്‍ സത്യത്തിന് നേരെ മുഖം തിരിക്കുന്നു. മകൾക്കെതിരായ ആരോപണങ്ങളെ വൈകാരികമായി നിയമസഭയ്ക്കകത്തും പുറത്തും നേരിടാനാണ് ആദ്യം മുതൽ അദ്ദേഹം ശ്രമിച്ചത്. അപകീർത്തികരമായ ആരോപണങ്ങൾ സ്വപ്ന അച്ചടിച്ച് വിതരണം ചെയ്തിട്ടും ആരോപണങ്ങളെ നിയമപരമായി നേരിടാനുള്ള ധൈര്യം മുഖ്യമന്ത്രി ഇതുവരെ കാണിച്ചിട്ടില്ലെന്നും അത് സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണെന്നും സുധാകരൻ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം നടത്തണം അതുവരെ ശിവശങ്കറിനെ ഔദ്യോഗിക പദവികളില്‍ നിന്നും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
‘സ്വപ്ന സുരേഷിന്‍റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ വഴി മുഖ്യമന്ത്രിക്കും മകൾക്കും എതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവതരമാണ്. അധികാരത്തിന്‍റെ തണലിൽ സംസ്ഥാനത്തെ ഉന്നതർ നടത്തിയ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുറ്റസമ്മതമാണ് പ്രതികളിലൊരാളായ സ്വപ്നയുടെ ആത്മകഥ. ഒരിക്കൽ സ്വപ്ന ബിരിയാണി ചെമ്പ് തുറന്ന് കുറച്ച് കാര്യങ്ങൾ പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കങ്ങളും ആരോപണങ്ങൾ ഉന്നയിക്കുന്ന സ്വപ്നയെ നിശബ്ദയാക്കാനുള്ള ചില നടപടികളും സ്വർണക്കടത്ത് കേസിലെ വിവാദ നായകൻ എം ശിവശങ്കറിനെ വെള്ളപൂശി അധികാരത്തിൽ തിരിച്ചെടുത്തതിലെ വ്യഗ്രതയും കണക്കിലെടുക്കുമ്പോൾ സ്വപ്നയുടെ വെളിപ്പെടുത്തലുകളെ വെറുതെ തള്ളിക്കളയാനാവില്ലെന്ന് കേരളീയ സമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.