കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണം; മാനസിക പ്രയാസം മൂലമെന്ന് മക്കൾ, പരാതി നൽകി

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രന്‍റെ മരണത്തിൽ മക്കൾ ഡി.ജി.പിക്ക് പരാതി നൽകി. കോൺഗ്രസ് പ്രവർത്തകർ നടത്തിയ അപവാദ പ്രചാരണത്തെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് മരണകാരണമെന്ന് പരാതിയിൽ പറയുന്നു.

കോഴിക്കോടുളള രമേശ്, പ്രമോദ് എന്നിവർ ചേർന്നാണ് പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. മരിക്കുന്നതിന് മുമ്പ് ഇവർക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചിരുന്നതായി മകൻ പ്രജിത്ത് പറഞ്ഞു.

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ കഴിഞ്ഞ മാസമാണ് അന്തരിച്ചത്. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കെ.എസ്.യുവിന്‍റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായാണ് വി പ്രതാപചന്ദ്രൻ്റെ തുടക്കം. ഡി.സി.സി ജനറൽ സെക്രട്ടറി, എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതിയംഗം തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വർഷങ്ങളോളം വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചു. പത്രപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നത്.