ക്രിഷാന്ദിൻ്റെ പുതിയ ചിത്രം ‘പുരുഷ പ്രേതം’ പ്രഖ്യാപിച്ചു; ദര്‍ശന നായികയാകുന്നു
ഏറെ ശ്രദ്ധ നേടുകയും സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പുരുഷ പ്രേതം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനാണ് നായികയായി എത്തുന്നത്.
ജഗദീഷും പ്രശാന്ത് അലക്സാണ്ടറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമട്രി സിനിമാസ് എന്നിവയുടെ ബാനറിൽ ജോമോൻ ജേക്കബ്, ഐൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം പ്രശാന്ത് അലക്‌സാണ്ടറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ എന്നിവർക്കൊപ്പം സംവിധായകൻ ജിയോ ബേബി, സംവിധായകൻ മനോജ് കാന എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. അനൗൺസ്മെന്‍റ് പോസ്റ്റർ നൽകുന്ന സൂചന സിനിമ ഒരു ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമാണെന്നതാണ്.