കെ.എസ്.ശബരീനാഥൻ അറസ്റ്റിൽ ; നടപടി കോടതി മുൻകൂർജാമ്യം പരിഗണിക്കുന്നതിനിടെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമായ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. സമരം നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും സമരത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശബരീനാഥൻ വെളിപ്പെടുത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ശംഖുമുഖം പൊലീസ് സ്റ്റേഷനിലാണ് നിലവിൽ ശബരീനാഥനെ ഉളളത്. ചൊവ്വാഴ്ച രാവിലെ 10.45നാണ് ശബരീനാഥൻ ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ 11 മണിക്ക് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഇതേതുടർന്ന് അറസ്റ്റ് ചെയ്ത സമയം അറിയിക്കാനും രേഖ ഹാജരാക്കാനും കോടതി നിർദേശം നൽകി. അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു.
ഗ്രൂപ്പ് തലത്തിലെ തർക്കത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസിന്റ് ഔദ്യോഗിക വാട്സ്ആപ്പ് ചാറ്റ് ചോർന്നത്. വിമാനത്തിൽ കരിങ്കൊടി പ്രതിഷേധം നടത്താമെന്ന ആശയം ശബരീനാഥൻ പങ്കുവച്ചിരുന്നു. ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ ചോർന്നതോടെയാണ് സംസ്ഥാന നേതൃത്വം വെട്ടിലായത്. സമരത്തെ കുറിച്ച് നേതൃത്വത്തിന് അറിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ അന്ന് പറഞ്ഞിരുന്നു. ചാറ്റ് ചോർന്നതിൽ നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.