ളാഹയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ളാഹയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് പതിനാറ് പേർക്ക് പരിക്കേറ്റു. പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

ഞായറാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. ബസിന്‍റെ ചില്ലുകൾ പൂർണമായും തകർന്നു. 56 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്.

പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പ് തന്നെ വാഹനത്തിലെ എല്ലാ യാത്രക്കാരും പുറത്തിറങ്ങിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ ഇന്ധന ടാങ്കിൽ ചോർച്ചയുണ്ട്.