കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ട് പൊതിയാനാകില്ല: ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയെ പരസ്യം കൊണ്ട് മൂടാനാകില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരി ബസപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷണം നടത്തിയത്.

ബസുകളുടെ പിൻഭാഗത്തും വശങ്ങളിലും പരസ്യം നൽകാൻ നിയമപരമായ അനുമതിയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് ഡിവിഷൻ ബെഞ്ചിന്‍റെ പ്രതികരണം. അതേസമയം പ്രത്യേക പരിഗണന തേടുന്നില്ലെന്നാണ് സർക്കാർ നിലപാട്. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടക്കെണിയിലായ കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വിഷയത്തിൽ കെഎസ്ആർടിസിയെ കേൾക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കേസ് നാളെ ഉച്ചകഴിഞ്ഞ് കൂടുതൽ വാദം കേൾക്കാനായി കോടതി മാറ്റിവെച്ചു.

കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്വകാര്യ, പൊതു വാഹനങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും നിലവിലെ പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ കെഎസ്ആർടിസി ബസുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. പുനഃപരിശോധനാ ഹർജി നൽകുമെന്നും വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആന്‍റണി രാജു പറഞ്ഞിരുന്നു. ബസുകളിൽ പരസ്യം നൽകാൻ അനുവദിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് പ്രതിവർഷം ലഭിക്കുന്നത് 1.80 കോടി രൂപയാണ്.