കാലപ്പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾക്ക് ഒരു കൊല്ലം കൂടി സമയം നീട്ടി

കാലപ്പഴക്കം കാരണം സൂപ്പർ ക്ലാസ് സർവീസുകൾ നടത്താനുള്ള അനുമതി റദ്ദാക്കാൻ പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു വർഷം കൂടി സമയം നീട്ടി നൽകി. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, പ്രീമിയം എസി വിഭാഗത്തിലെ സൂപ്പർ ക്ലാസ് ബസുകളുടെ അനുവദനീയമായ സമയപരിധി ഒൻപത് വർഷമാണ്.

അഞ്ച് വർഷത്തെ സമയപരിധി രണ്ട് തവണയായാണ് ഒമ്പത് വർഷമായി നീട്ടിയത്. പുതിയ ഉത്തരവോടെ 10 വർഷം വരെ പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചർ മുതൽ സൂപ്പർ ക്ലാസ് ബസുകൾക്ക് വരെ സര്‍വീസ് നടത്താനാകും.

അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റ് നൽകരുതെന്നാണ് ചട്ടം. ടോമിൻ ജെ.തച്ചങ്കരി എം.ഡി.ആയിരുന്ന സമയത്ത് കെ.എസ്.ആർ.ടി.സി.ക്ക് ഈ ചട്ടത്തിൽ ഇളവ് വരുത്തി ഏഴു വർഷമായി ഉയർത്തിയിരുന്നു. പെർമിറ്റ് കാലാവധി ഒമ്പത് വർഷമായി ഉയർത്തണമെന്ന് അന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി നിഷേധിച്ചു.