കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഗതാഗതമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച. ഗതാഗത മന്ത്രിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയും തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ശമ്പള വിതരണത്തിനായി 103 കോടി രൂപ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിലും സർക്കാർ നടപടി സ്വീകരിച്ചേക്കും. അതേ ദിവസം തന്നെ മുഖ്യമന്ത്രി യൂണിയൻ നേതാക്കളുമായി നേരിട്ട് ചർച്ച നടത്താനും സാധ്യതയുണ്ട്.

രണ്ട് മാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവബത്തയും സെപ്റ്റംബർ ഒന്നിന് മുമ്പ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് ചർച്ച ചെയ്യാനാണ് വീണ്ടും യോഗം ചേരുന്നത്. അതേസമയം കെ.എസ്.ആർ.ടി.സിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള സാധ്യതയാണ് സംസ്ഥാന സർക്കാർ തേടുന്നത്. നിയമവശങ്ങൾ പരിശോധിക്കാനുള്ള നടപടികൾ ധനവകുപ്പ് ആരംഭിച്ച് കഴിഞ്ഞു.

ഓണത്തിന് മുമ്പ് കുടിശ്ശിക തീർക്കണമെന്നും രണ്ട് മാസത്തെ ശമ്പളവും ഓണം അലവൻസും നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനായി അഞ്ച് ദിവസത്തിനകം 103 കോടി രൂപ സർക്കാർ നൽകണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും ഹൈക്കോടതി ഉത്തരവ് വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്.