അപകടത്തിന് തൊട്ട് മുമ്പ് കെഎസ്ആർടിസി നിർത്തിയിരുന്നില്ലെന്ന് യാത്രക്കാരൻ

പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടകാരണമെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വിശദീകരണം കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ ശ്രീനാഥ് തള്ളി. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആർടിസി ബസ് എവിടെയും നിർത്തിയിരുന്നില്ല. അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ താൻ മുൻവശത്തേക്ക് നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി അമിത വേഗതത്തിലായിരുന്നില്ലെന്നും പിന്നിൽ വലിയ ശബ്ദം കേട്ടപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും ശ്രീനാഥ് പറഞ്ഞു.

താൻ ഉറങ്ങിപ്പോയതുകൊണ്ടല്ല, കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവറായ ജോമോൻ പറഞ്ഞിരുന്നു. ബസ്സിന് കടന്നുപോകാൻ സ്ഥലമില്ലായിരുന്നുവെന്നും ജോമോൻ പറഞ്ഞു. താനും മറ്റുള്ളവരും വഴുതിപ്പോയെന്നും ഉറങ്ങിയിട്ടില്ലെന്നുമാണ് ജോമോൻ പറഞ്ഞത്. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു ജോമോന്‍റെ പ്രതികരണം. അപകടത്തിന് ശേഷം ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ജോമോനെ കൊല്ലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ജോമോനെ ബസ് ഉടമകൾ കൊണ്ടുപോയി.അധ്യാപകനാണെന്ന് അവകാശപ്പെട്ടാണ് ആദ്യം ചികിത്സ തേടിയത്. പിന്നീടാണ് ജോമോൻ വാഹനം ഓടിച്ചിരുന്നതായി ഡോക്ടറോട് സമ്മതിച്ചത്.