കൂപ്പണല്ല, കൂലിയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകേണ്ടത്: എം. വിൻസെന്റ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾക്ക് രണ്ട് മാസം ജോലി ചെയ്ത വേതനം നൽകണമെന്നും കൂപ്പണുകളല്ലെന്നും ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്‍റ് വിൻസെന്‍റ് എം.എൽ.എ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളം നൽകുന്ന കാര്യത്തിൽ മൂന്നിലൊന്ന് ശമ്പളവും ബാക്കി തുക സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവിടങ്ങളിലേക്ക് കൂപ്പണുകളായും നൽകാനുള്ള ഹൈക്കോടതി തീരുമാനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

61 ദിവസം കഴിഞ്ഞിട്ടും സർക്കാർ ശമ്പളം നൽകാതിരുന്നിട്ടും ഒരു ദിവസം പോലും പണിമുടക്കാത്തവരാണ് കെഎസ്ആർടിസി ജീവനക്കാർ. അവരുടെ ക്ഷമ വീണ്ടും പരീക്ഷിക്കരുത്. കൂപ്പണുകളും ലോട്ടറികളും നൽകാതെ ശമ്പളം പൂർണമായും വിതരണം ചെയ്യാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.

ഓണക്കാലത്ത് ശമ്പളം നിഷേധിക്കുന്നത് തൊഴിലാളി വിരുദ്ധമാണെന്നും തൊഴിലാളികളെ സമരത്തിലേക്ക് തള്ളിയിട്ടാൽ ഈ ഉത്സവകാലത്ത് പൊതുജനങ്ങൾ സർക്കാരിനെതിരെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും കെ.എസ്.ആർ.ടി.സിക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകി നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും എം.എൽ.എ പറഞ്ഞു.