ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെഎസ്ആർടിസി കോടതിയിൽ

കൊച്ചി: ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി വേണമെന്നാണ് ആവശ്യം. നിലവിലെ സാഹചര്യം വിശദീകരിച്ച് കെ.എസ്.ആർ.ടി.സി കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ശമ്പളം നൽകിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നടപടി.

കെ.എസ്.ആർ.ടി.സിക്ക് സർക്കാർ വാഗ്ദാനം ചെയ്ത 20 കോടി രൂപ നൽകാനുള്ള നടപടി ധനവകുപ്പ് സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. വാഗ്ദാനം ചെയ്ത 20 കോടി രൂപ ധനവകുപ്പ് നൽകുമെന്ന് കരുതി ഡീസലിന് 10 കോടി രൂപ നൽകിയതും ഇപ്പോഴത്തെ ശമ്പള പ്രതിസന്ധിക്ക് കാരണമായി. സർക്കാർ ഫണ്ട് ലഭിച്ചാൽ മാത്രമേ ശമ്പളം നൽകാനാകൂ എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.