കെഎസ്ആർടിസി ശമ്പള പ്രതിസന്ധി ;‘ചിന്ത’യില്‍ ലേഖനവുമായി മുഖ്യമന്ത്രി

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയെക്കുറിച്ച് ‘ചിന്ത’ മാസികയിൽ ലേഖനമെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം നൽകാൻ കഴിയാത്തത് കോർപ്പറേഷന്‍റെ കെടുകാര്യസ്ഥതയാണെന്ന് ലേഖനത്തിൽ വിമർശിക്കുന്നു.

സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ മാനേജ്മെന്‍റും തൊഴിലാളികളും നടപ്പാക്കിയില്ല. ഇത് പ്രതിസന്ധിയുടെ കാഠിന്യം വർദ്ധിക്കാൻ കാരണമായെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 2076 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്.

കെ.എസ്.ആർ.ടി.സിയെ പൊതുമേഖലയിൽ നിലനിർത്തുക എളുപ്പമല്ല. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളിൽ ജീവനക്കാർ സഹകരിക്കണം. മാനേജ്മെന്‍റ് തലത്തിൽ കർശന നിലപാടുകൾ സ്വീകരിക്കണം. പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സർക്കാരിന്റെ ശ്രമങ്ങളുമായി ജീവനക്കാർ സഹകരിക്കണമെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞു.