കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചർച്ച നടത്തും. ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. ശമ്പളം നൽകാൻ സർക്കാർ കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്നാണ് മാനേജ്മെന്‍റിന്‍റെ ആവശ്യം. സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഇന്ന് ചർച്ചയുണ്ടാകും.
നിരവധി തവണ ചർച്ച നടത്തിയിട്ടും തൊഴിലാളികളുടെ ശമ്പളത്തിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഗതാഗത മന്ത്രി ആന്‍റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.
കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഉല്‍സവബത്തയും നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിനോട് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന് 50 കോടി രൂപ വീതവും ഉത്സവബത്ത നൽകുന്നതിന് മൂന്ന് കോടി രൂപയും നൽകണമെന്ന് കെ.എസ്.ആർ.ടി.സി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നൽകാനാണ് കോടതി നിർദേശം.