കെഎസ്ആർടിസി; ജൂലൈയിലെ വരവും ചെലവും തമ്മിൽ 100 കോടിയുടെ അന്തരം

തിരുവനന്തപുരം: ജൂലൈയിൽ കെ.എസ്.ആർ.ടി.സി.യിലെ വരവും ചെലവും തമ്മിൽ 100 കോടി രൂപയുടെ അന്തരം. സർക്കാർ നൽകിയ 50 കോടി രൂപയ്ക്ക് പുറമെ മാനേജ്മെന്‍റ് കടമെടുത്ത 50 കോടി രൂപയും കൊണ്ടാണ് ജൂണിലെ ശമ്പളവും ഡീസൽ തുകയും കൊടുത്തുതീര്‍ത്തതെന്ന് ബാലൻസ് ഷീറ്റിൽ പറയുന്നു.

ചെലവ് കുറയ്ക്കുകയും കൂടാതെ ഡ്യൂട്ടി പരിഷ്കരിക്കുകയും ചെയ്തതോടെ ബസുകളിൽ നിന്നുള്ള വരുമാനം വർദ്ധിച്ചിട്ടുണ്ട്. ജൂലൈയിൽ ഒരു ബസിൽ നിന്നുള്ള ശരാശരി പ്രതിദിന വരുമാനം 14,873 രൂപയാണ്‌.അതായത് കെ.എസ്.ആർ.ടി.സിയുടെ ശരാശരി വരുമാനം മെച്ചപ്പെട്ട കളക്ഷനുള്ള സ്വകാര്യ ബസിനേക്കാൾ മുകളിൽ ആണ്.
സ്വിഫ്റ്റ് (6.57 കോടി രൂപ), ജന്റം (4.24 കോടി രൂപ), ബജറ്റ് ടൂറിസം (0.51 കോടി രൂപ) എന്നിവ ഉൾപ്പെടെ ജൂലൈയിലെ കോർപ്പറേഷന്‍റെ ടിക്കറ്റ് വരുമാനം 172.69 കോടി രൂപയാണ്.