കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഇന്ന് സിഐടിയു ചീഫ് ഓഫിസ് വളയും
കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു ഇന്ന് ചീഫ് ഓഫീസ് ഉപരോധിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് വേതനം നൽകണമെന്നും ട്രേഡ് യൂണിയനുകൾ ഒപ്പിട്ട കരാർ പാലിക്കണമെന്നുമാണ് ആവശ്യം. ടി.ഡി.എഫും ബി.എം.എസും അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പള വിതരണം ആരംഭിച്ചെങ്കിലും യൂണിയനുകൾ പ്രതിഷേധത്തിലാണ്. ദിവസങ്ങളായി പ്രതിപക്ഷ സംഘടനകളും പ്രതിഷേധത്തിലാണ്. സെക്രട്ടേറിയറ്റിന് മുന്നിലും കെ.എസ്.ആർ.ടി.സി ആസ്ഥാനത്തും ധർണയും റിലേ സത്യാഗ്രഹവും നടക്കുന്നുണ്ട്. ബസ് സർവീസുകൾ നിർത്താതെയുള്ള പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റും സർക്കാരും ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ രണ്ട് മാസമായി 20ന് ശേഷമാണ് ശമ്പളം നൽകിയത്. ഈ സാഹചര്യത്തിലാണ് സിഐടിയു ചീഫ് ഓഫീസ് വളഞ്ഞുള്ള സമരത്തിലേക്ക് കടക്കുന്നത്. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്നും യൂണിയനുകൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റണമെന്നുമാണ് സിഐടിയു ആവശ്യപ്പെടുന്നത്. ശമ്പള വിതരണം ആരംഭിച്ചെങ്കിലും എല്ലാ തൊഴിലാളികൾക്കും ശമ്പളം ലഭിച്ചിട്ടില്ല. 30 കോടി കൂടി സമാഹരിച്ചാൽ മാത്രമേ മറ്റ് വിഭാഗങ്ങളുടെ ശമ്പളവും നൽകാനാകൂ. എല്ലാ മാസവും ശമ്പളത്തിനായി കാത്തിരിക്കുന്ന സാഹചര്യം തുടരാനാകില്ലെന്നാണ് സംഘടനകളുടെ നിലപാട്.