കേരളത്തിലെ ഏറ്റവും വലിയ പമ്പുടമയാകാന്‍ കെഎസ്ആർടിസി

തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോൾ-ഡീസൽ പമ്പ് ശൃംഖല കെ.എസ്.ആർ.ടി.സി സ്വന്തമാക്കും. കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ‘യാത്രാ ഫ്യൂവല്‍സ്’ പമ്പുകളുടെ എണ്ണം 12 ൽ നിന്ന് 40 ആയി ഉയർത്താനാണ് നീക്കം. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഡിപ്പോകൾക്കുള്ളിലെ പമ്പുകൾ പുറത്തേക്ക് മാറ്റും. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുടെ അഭാവത്തെച്ചൊല്ലി റവന്യൂ വകുപ്പ് ഉന്നയിച്ച തർക്കം സർക്കാർ ഇടപെട്ട് പിൻവലിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവൻ ലഭിച്ചത്.

പമ്പുകൾ പുറത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ റവന്യൂ വകുപ്പിന്‍റെ സമ്മതം ആവശ്യമായിരുന്നു. കളക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ അനുമതി നൽകൂ. നിലവിൽ നിരവധി ഡിപ്പോകളും പമ്പുകളും പ്രവർത്തിക്കുന്ന ഭൂമി മാത്രമാണ് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളത്. അവയിൽ സര്‍ക്കാര്‍ പാട്ടഭൂമിയും പുറമ്പോക്കുമൊക്കെ ഉൾപ്പെടുന്നു. നിബന്ധനകളിൽ ഇളവ് വരുത്തിയെങ്കിലും പമ്പിന്‍റെ പ്രവർത്തനം കെ.എസ്.ആർ.ടി.സിയുടെ കൈകളിൽ തന്നെ തുടരണമെന്നതടക്കമുള്ള നിബന്ധനകളാണ് റവന്യൂ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ 69 പമ്പുകളും എച്ച്പിയുടെ നാല് പമ്പുകളും ബിപിസിഎല്ലിന്‍റെ ഒരു പമ്പുമാണ് കെഎസ്ആർടിസിക്കുള്ളത്. തിരുവനന്തപുരം സിറ്റി, കിളിമാനൂർ, ചടയമംഗലം, ചേർത്തല, മൂന്നാർ, ചാലക്കുടി, മൂവാറ്റുപുഴ, കോഴിക്കോട്, ഗുരുവായൂർ, തൃശ്ശൂർ, പറവൂർ, മാവേലിക്കര എന്നിവിടങ്ങളിലാണ് ‘യാത്ര ഫ്യൂവല്‍സ്’ ആരംഭിച്ചിരിക്കുന്നത്.