ഗാന്ധി ജയന്തി ദിനത്തിൽ പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഉപഭോക്താവിന് നൽകുന്ന സേവനങ്ങളെക്കുറിച്ച് പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചാണ് എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിജ്ഞയെടുക്കുക. കെഎസ്ആര്‍ടിസി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നടത്തുന്നത്.

നാളെ രാവിലെ 11 മണിക്ക് കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസ് ഉൾപ്പെടെയുള്ള എല്ലാ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലും എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഒത്തുചേരുകയും ഗാന്ധിയൻമാരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ സമ്മേളനങ്ങൾ ചേരുകയും ചെയ്യും. ഉപഭോക്താവിനെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വാക്കുകൾ പ്രതിജ്ഞയായി ചൊല്ലുകയും ചെയ്യും.

പ്രതിജ്ഞ ഇങ്ങനെ: 
‘നമ്മുടെ പരിസരത്തെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകനാണ് ഉപഭോക്താവ്. അദ്ദേഹം നമ്മെ ആശ്രയിക്കുന്നില്ല. നാം അദ്ദേഹത്തെ ആശ്രയിക്കുന്നു. അദ്ദേഹം നമ്മുടെ ജോലിയിൽ ഒരു തടസ്സമാകുന്നില്ല. അദ്ദേഹമാണ് നമ്മുടെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. അദ്ദേഹം നമ്മുടെ വ്യവസായത്തിന് പുറത്തുള്ള ആളല്ല. അദ്ദേഹം നമ്മുടെ വ്യവസായത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ സേവിക്കുന്നതിലൂടെ നമ്മൾ ഒരു ഉപകാരവും ചെയ്യുന്നില്ല. അതിനുള്ള അവസരം നൽകിക്കൊണ്ട് അദ്ദേഹം നമുക്ക് ഒരു ഉപകാരം ചെയ്യുന്നു’