കെഎസ്ആർടിസിയുടെ വന്യജീവിസങ്കേതത്തിലൂടെയുള്ള ജംഗിള്‍ സഫാരി പദ്ധതി വിവാദത്തില്‍
സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസിയുടെ രാത്രികാല ജംഗിൾ സഫാരി പദ്ധതി വിവാദമാകുന്നു. ബത്തേരി ഡിപ്പോയിൽ നിന്ന് അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ജംഗിൾ സഫാരിക്കെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാത്രികാല വന സഫാരി നിയമവിരുദ്ധമാണെന്നും അതിന് അനുമതി നൽകരുതെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയിലാണ് രാത്രി സഫാരി നടക്കുക. ജില്ലയിൽ ഏറ്റവും കൂടുതൽ മനുഷ്യ-വന്യജീവി സംഘർഷം നിലനിൽക്കുന്ന ഗ്രാമങ്ങളിലൂടെയാണ് സഫാരി നടത്താൻ ഉദ്ദേശിക്കുന്നത്. ഇത് നിലവിലുള്ള വന്യജീവി സംഘർഷം രൂക്ഷമാക്കാൻ ഇടയാക്കുമെന്ന് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
കെഎസ്ആർടിസി 300 രൂപ നിരക്കിലാണ് രാത്രിസഫാരി നടത്താന്‍ ഒരുങ്ങുന്നത്. രണ്ട് ബസുകൾ ഇതിനായി ഏർപ്പാടാക്കിയിട്ടുണ്ട്. രാത്രി 9 മണിക്ക് ബത്തേരിയിൽ നിന്ന് പുറപ്പെട്ട് കേരള-കർണാടക അതിർത്തിയിലെ പൊന്‍കുഴിയിലെത്തി, അവിടെനിന്ന് തിരികെ മൂലങ്കാവില്‍വന്ന് വള്ളുവാടി, കരിപ്പൂര്‍, വടക്കനാട് വഴി ബത്തേരി-പുല്‍പ്പള്ളി റോഡില്‍ ഇരുളംവരെ പോകുന്ന 60 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള സഫാരിയാണ് കെ.എസ്.ആര്‍.ടി.സി. തയ്യാറാക്കിയിരിക്കുന്നത്.